കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി ട്രോളി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി.

അങ്ങനെ അറിയപ്പെട്ടാല്‍ മതിയെന്നും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് ഇന്‍ക്ലൂസീവ് എന്നുമാണ് ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തിയിരിക്കുന്നത്.
സതീശന്റെ അഛന്റെ പേര് ദാമോദര മേനോന്‍ ആയത് കൊണ്ട് അങ്ങനെ പറഞ്ഞു.. താങ്കളുടെ അപ്പന്റെ പേര് ജോണ്‍ റോമന്‍ കാത്തലിക്ക് എന്നാണെങ്കില്‍ താങ്കള്‍ക്കും അങ്ങനെ പറയാമെന്നാണ് പലരും കമന്റായി കുറിച്ചത്. കെസി ഗ്രൂപ്പാണോ ജിന്റോയെന്ന് ചോദിക്കുന്നവരും ഉണ്ട്.
ഇന്നലെ വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. ജിന്റോ ജോണ്‍ മുഖ്യമന്ത്രിയെ ട്രോളിയെന്നാണ് ഏറിയപേരും കമന്റ് ബോക്‌സുകളില്‍ വന്ന് പറയുന്നത്.