മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്.

മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിലായിരുന്നു പവിത്രനെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. അവിടെ നിന്ന് പവിത്രനുമായി നാട്ടിലേക്ക് വരുന്നതിനിടെയാണ് മരിച്ചെന്ന് കരുതി ബന്ധുക്കൾ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിലേക്ക് പവിത്രനെ മാറ്റാൻ ശ്രമിച്ചത്.

മരണവാർത്തയുൾപ്പെടെ നൽകി സംസ്കാര ചടങ്ങുകളും നിശ്ചയിച്ചശേഷമായിരുന്നു 13ന് പവിത്രനെ മോർച്ചറിയിലേക്ക് എത്തിച്ചത്. രാത്രി പവിത്രനെ എത്തിച്ചപ്പോൾ മോർച്ചറിയുടെ വാതിൽ തുറക്കാനൊരുങ്ങിയ അറ്റൻ്റർ ജയനാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പവിത്രനെ എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്ന് ഡോക്ടർ പൂർണിമ റാവു പറഞ്ഞു.

