കൊച്ചി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിനെതിരെ മറിയക്കുട്ടി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ് പെൻഷനുകൾ യഥാസമയത്ത് കൊടുത്ത് തീർക്കാൻ കഴിയാത്തതെന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചത്. മറിയക്കുട്ടിയുടെ ഹർജി രാഷ്‌ട്രീയ പ്രേരിതമെന്നാണ് സർക്കാരിന്റെ നിലപാട്.
സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മറിയക്കുട്ടിയെപ്പോലുള്ളവർ എങ്ങനെ ജീവിക്കുമെന്നും, മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപയ്‌ക്ക് വേണ്ടി നിങ്ങൾക്ക് മുൻപിൽ കാത്തുനിൽക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. പണമില്ലെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.