തിരുവനന്തപുരം: കേരളത്തിലെ ആറു ജില്ലകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
തിരുവനന്തപുരം ജില്ലയിൽ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുള്ളത് മകരശീവേലി പ്രമാണിച്ചാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകൾക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടാണ് അവധി. അവധി നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്യുകയും സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
ആറ് ജില്ലകളിലെയും കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണ്.
പൊങ്കൽ, മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുർ – കൊച്ചുവേളി, കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടുകളിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)