Kerala

സംസ്ഥാന ക്യാമ്പിലെ സംഘർഷ വാർത്ത മാധ്യമങ്ങളുടെ അജണ്ട: അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: സംസ്ഥാന ക്യാമ്പിലെ സംഘർഷ വാർത്ത മാധ്യമങ്ങളുടെ അജണ്ടയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പുറത്തു വന്ന ദൃശ്യങ്ങൾ എവിടെ നിന്നാണ് മാധ്യമങ്ങൾക്ക് ലഭിച്ചതെന്ന് അലോഷ്യസ് സേവ്യർ ചോദിച്ചു. പല ഇടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ എത്തിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഒരു കാമ്പസുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ദൃശ്യങ്ങൾ ശരിയാണോ എന്ന് മാധ്യമങ്ങൾ തന്നെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യങ്ങൾ വ്യാജമാണോ എന്നതിന് മറുപടിയില്ല. തർക്കം ഉണ്ടായിട്ടുണ്ട്. ചോര ചിന്തുന്ന തർക്കത്തിലേക്ക് പോയിട്ടില്ല. ക്യാമ്പിൽ പങ്കെടുത്ത ആരെങ്കിലും ചികിത്സ തേടിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പ്രശ്നം ഉണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ക്യാമ്പിൽ നടന്ന ആഭ്യന്തര പ്രശ്നങ്ങൾ പുറത്ത് പെരുപ്പിച്ചു കാണിച്ചവർക്കെതിരെ നടപടിയെടുക്കും. ക്യാമ്പിൽ തർക്കങ്ങൾക്ക് മുതിർന്നവർക്കെതിരെയും നടപടിയുണ്ടാകും. കെപിസിസിയെ അനാവശ്യമായി തർക്കങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. സംഘടനാപരമായ ചുമതലകൾ ഉണ്ടായിരുന്നതുകൊണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ക്യാമ്പിൽ പങ്കെടുക്കാത്തത്. പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കെഎസ്‌യു നേതൃത്വം സുധാകരനെ ക്ഷണിച്ചിരുന്നതാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

എന്നാല്‍ ക്യാമ്പില്‍ നേരിയ സംഘർഷം ഉണ്ടായിട്ടുണ്ടെന്നും പ്രാദേശിക തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക്‌ കാരണമെന്നും കെപിസിസി അന്വേഷണ സമിതി അംഗം എം എം നസീർ പറഞ്ഞു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകും. വിശദമായ അന്വേഷണം നടത്തി കെപിസിസിക്ക്‌ റിപ്പോർട്ട് നൽകുമെന്നും എം എം നസീർ കൂട്ടിച്ചേർത്തു. നെയ്യാര്‍ ഡാമില്‍ നടക്കുന്ന മേഖലാ ക്യാമ്പിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതെന്നതായിരുന്നു വാർത്ത. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. രണ്ട് ദിവസമായി നടന്നുവരുന്ന ക്യാമ്പിന്റെ സമാപനം ഇന്നാണ്. അതിനിടെയാണ് ശനിയാഴ്ച്ച രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top