India

റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

ഗാസ: റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല്‍ ആക്രമത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ടാല്‍ അസ്-സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയാണ് ഇസ്രയേല്‍ അഭയാര്‍ത്ഥി ക്യാപിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. പ്രദേശിക സമയം രാത്രി 8.45നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിന് രണ്ട് ദിവസം മുമ്പെടുത്ത ആകാശദൃശ്യങ്ങള്‍ പ്രകാരം നൂറ് കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ ഇവിടെയുണ്ടായിരുന്നതായി വ്യക്തമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലുണ്ടായിരുന്ന നിരവധി ആളുകള്‍ ജീവനോടെ കത്തിയെരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാംപാണ് ആക്രമിക്കപ്പെട്ടത്. ജബലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തി. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 160 പേര്‍ കൊല്ലപ്പെട്ടു. റഫയില്‍ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ‘അന്താരാഷ്ട്ര നിയമപ്രകാരമുള്ള നിയമാനുസൃതമായാണ് ആക്രമണം നടത്തിയതെന്നും രണ്ട് ‘മുതിര്‍ന്ന’ ഹമാസ് ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴിന് ശേഷം 35,984 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 80,643 പേര്‍ക്ക് പരിക്ക് പറ്റിയതായുമാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top