മുംബൈ: രണ്ട് ദിവസത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 6 കിലോ സ്വർണവും 10 കോടി വിലവരുന്ന വജ്രവും. ഛത്രപതി ശിവജി മഹരാജ് അന്തർ ദേശീയ വിമാനത്താവളത്തില്‍ ഫെബ്രുവരി 11, 12 ദിവസങ്ങളിലായി പിടികൂടിയത് കോടികള്‍ വിലവരുന്ന സ്വർണവും വജ്രവുമെന്ന് കസ്റ്റംസ് വിശദമാക്കുന്നത്. മൂന്ന് തവണയായാണ് വലിയ രീതിയിലുള്ള സ്വർണ, വജ്ര കടത്ത് കണ്ടെത്തിയത്.

ബെല്‍റ്റിന്റെ ബക്കിള്‍, ട്രോളി ബാഗ്, അടിവസ്ത്രം തുടങ്ങിയ മാർഗങ്ങളിലൂടെയായിരുന്നു സ്വർണം കടത്താൻ യാത്രക്കാർ ശ്രമിച്ചത്. അതേസമയം ലാപ്ടോപ്പിനുള്ളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു വജ്രം കടത്താൻ ശ്രമിച്ചത്. ലാപ്ടോപ്പിനുള്ളില്‍ അസ്വാഭാവിക വസ്തുക്കള്‍ കണ്ടതോടെയാണ് അധികൃതർ തുറന്ന് പരിശോധിച്ചത്. ബാംങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 2147 കാരറ്റ് ഡയമണ്ടാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.
മറ്റൊരു സംഭവത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ മൂന്ന് യാത്രക്കാരാണ് സ്വർണവുമായി അറസ്റ്റിലായത്. റോഡിയം പൂശിയ ബട്ടണുകളിലും മോതിരത്തിലും ബെല്‍റ്റിന്റെ ബക്കിളിലും ട്രോളിയിലുമായി 775 ഗ്രാം സ്വർണമാണ് ഇവർ കൊണ്ട് വന്നത്. ഫെബ്രുവരി 12ന് രഹസ്യവിവരം അനുസരിച്ച് 14 കെനിയൻ സ്വദേശികളാണ് സ്വർണക്കട്ടികളുമായി അറസ്റ്റിലായത്.

