സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ കർണാടക സർക്കാർ വളർത്തച്ഛനിലെക്കും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര റാവുവിലെക്കാണ് അന്വേഷണം നീണ്ടിരിക്കുന്നത്.

സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ ഡിജിപിയുടെ സ്വാധീനം ദുരുപയോഗിച്ചോ എന്നാന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സിഐഡി വിഭാഗം അന്വേഷിക്കും.ബിജെപി സർക്കാരിൻ്റെ കാലത്ത് സ്റ്റീൽ പ്ലാൻ്റ് സ്ഥാപിക്കാൻ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതും അന്വേഷണ പരിധിയിലുണ്ട്.
കേസിലെ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല ഇടപാടുകളും സിബിഐ ആണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കർണാടക പൊലീസിനെ അറിയിച്ചിട്ടില്ല.

