കോട്ടയം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതല്‍ കോട്ടയത്ത്. മേയ് 31 വരെയുള്ള കണക്ക് പ്രകാരം 9,632 കേസുകൾ ആണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പരിശോധനകള്‍ക്ക് ഒപ്പം മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളും, കടുപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു. ആശങ്കപ്പെടുത്തുന്ന കണക്കാണ് കോട്ടയം ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വിരല്‍ ചുണ്ടുന്നത്. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്ക് പ്രകാരമാണ് ഈ വര്‍ഷം 9632 കേസുകള്‍. ശരാശരി, ദിവസവും 60 കേസുകള്‍ എന്നതാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം ആകെ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ എണ്ണം 15797 ആണ്. ഈ സാഹചര്യത്തില്‍ പരിശോധനകളും നിയമനടപടികളും കടുപ്പിക്കുകയാണ് പൊലീസ്. നിരന്തരം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും ശിപാര്‍ശ നല്‍കും.
കേസുകളുട വര്‍ധന കണക്കിലെടുത്ത് 1000 മുതല്‍ 2000 രൂപ വരെ പിഴ ഈടാക്കിയിരുന്ന ജില്ലയിലെ കോടതികള്‍ ഒരു ദിവസത്തെ ‘നില്‍പ്’ ശിക്ഷയും വിധിച്ചു തുടങ്ങി. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ കോടതി വരാന്തയില്‍ നില്‍ക്കുകയും കോടതി നിശ്ചയിക്കുന്ന പിഴ അടക്കുകയുമാണ് ശിക്ഷ.

