മാതാപിതാക്കള്‍ അടിമപ്പണിയ്ക്ക് അയച്ച ഒന്‍പത് വയസ്സുകാരന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള വെൺപാക്കത്ത് ആണ് സംഭവം. കുട്ടി മരിച്ച വിവരം മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ ഇവർ മറവ് ചെയ്യുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ഗുഡൂരിൽ താമസിക്കുന്ന പ്രകാശ് ഏനാത്തിയും ഭാര്യ അങ്കമ്മാളും സത്യവേദു പ്രദേശത്തെ മുത്തു, ധനപക്യം എന്നീ ദമ്പതികളിൽ നിന്ന് 15,000 രൂപ കടം വാങ്ങിയിരുന്നു. കടം തിരിച്ചടയ്ക്കുന്നതിനുള്ള അനൗപചാരിക കരാറിന്റെ ഭാഗമായി, പ്രകാശ് തന്റെ ഇളയ മകൻ വെങ്കിടേഷിനെ മുത്തുവിന്റെയും കുടുംബത്തിന്റെയും സംരക്ഷണയിൽ 10 മാസത്തേക്ക് അടിമപ്പണിയ്ക്ക് അയച്ചു.

മുത്തുവും ഭാര്യ ധനപകിയവും മകൻ രാജശേഖറും വെൺപാക്കത്ത് താമസിച്ച് പ്രദേശത്ത് താറാവുകളെ വളർത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് വെങ്കിടേഷിന് മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായി. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും കുട്ടി മരിച്ചു. മാതാപിതാക്കളെ അറിയിക്കാതെ മുത്തുവും കുടുംബവും കുട്ടിയുടെ മൃതദേഹം പാലാർ നദിക്ക് സമീപം കുഴിച്ചിട്ടതായി പോലീസ് പറഞ്ഞു.

