തിരുവനന്തപുരം: ഇല്ലാത്ത മോഷണം ആരോപിച്ച് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ രാത്രി കസ്റ്റഡിയിൽ വെച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്.

ഇത്തരത്തിൽ അനധികൃത കസ്റ്റഡി സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകുമ്പോൾ പതിവായി ബലിയാടാകുന്നത് ജിഡി ഡ്യൂട്ടിക്കാരനും പാറാവുകാരുമാണെന്നും ഉമേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാരുന്നു ഉമേഷിന്റെ പ്രതികരണം.

‘ബിന്ദുവിനെ അനധികൃത കസ്റ്റഡിയിൽ വെച്ച സംഭവത്തിൽ എസ്ഐയെയും എഎസ്ഐയെയും സസ്‌പെൻഡ് ചെയ്തു. ഇനിയും ആർക്കെതിരെയെങ്കിലും നടപടി വരുന്നുണ്ടെങ്കിൽ അത് അന്നത്തെ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാർക്കെതിരെയായിരിക്കും. സ്വാഭാവികമായും ഒരു സ്ത്രീയെ രാത്രി ഇത്തരത്തിൽ അനധികൃത കസ്റ്റഡിയിൽ വെക്കാൻ പാടില്ല എന്നതാണ് വാസ്തവം എന്നിരിക്കെ ഈ സംഭവത്തിൽ ബിന്ദു രാത്രി മൊത്തം പൊലീസ് സ്റ്റേഷനിൽ ഇരുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ്’ എന്ന് ഉമേഷ് കുറിക്കുന്നു.

