ഹൈദരാബാദ്: കളിച്ചുകൊണ്ടിരിക്കേ കാറിൽകുടുങ്ങിയ രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു.

തെലങ്കാനയിലെ രംഗറെഡ്ഡിയിലുണ്ടായ സംഭവത്തിൽ സഹോദരിമാരുടെ മക്കളായ തനുശ്രീ(4), അഭിനയശ്രീ (5) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വിവാഹച്ചടങ്ങിനായി മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.
ബന്ധുക്കൾ സംസാരിച്ചുകൊണ്ടിരിക്കെ പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. വിവാഹത്തിരക്കിലായതിനാൽ കുട്ടികളെ കാണാതായത് ആരും ശ്രദ്ധിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം നടന്ന തിരച്ചിലിലാണ് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടികളെ കണ്ടെത്തിയത്.

