ജയ്പുർ: നിക്ഷേപകരുടെ ബാങ്കിലെ പണം അവരറിയാതെ പിൻവലിച്ച്, ഓഹരി വിപണിയിൽ നിക്ഷേപിച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ.

രാജസ്ഥാനിലെ കോട്ട ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായ സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്. സഹോദരിയുടെ വിവാഹ ചടങ്ങിനിടെയാണ് സാക്ഷിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മൂന്ന് വർഷത്തോളം നീണ്ടുനിന്ന തട്ടിപ്പാണ് വെളിച്ചത്തായത്.

2020 – 2023 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. നാല്പതിലധികം നിക്ഷേപകരുടെ, 110 അക്കൗണ്ടുകളിൽ നിന്നായി നാലരക്കോടി രൂപയാണ് സാക്ഷി ‘തട്ടിയത്’. ശേഷം ഈ പണം കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന ലാഭം ലഭിക്കുന്ന ഓഹരികളിൽ നിക്ഷേപിച്ചു. എന്നാൽ ഓഹരി വിപണിയിൽ നിന്ന് സാക്ഷിക്ക് അപ്രതീക്ഷിതമായി വലിയ തിരിച്ചടി നേരിടേണ്ടിവന്നു. ഇതോടെ പിൻവലിച്ച പണം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് തിരിച്ചിടാൻ പറ്റാതെ വന്നു.

