ബിഹാറിലെ റാസിദ്പൂരിൽ നിന്നൊരു ദാരുണ മരണ വാർത്ത പുറത്ത. അയൽ വീട്ടിലെ വിവാഹാഘോഷത്തിൽനിന്നുള്ള ഉച്ചത്തിലെ ഡി.ജെ. മ്യൂസികിനെ തുടർന്ന് കുഴഞ്ഞുവീണ് ബോധരഹിതയായ 15കാരി മരിച്ചു. ഹൃദ്രോഗിയായ പിങ്കി എന്ന പെൺകുട്ടിയാണ് മരിച്ചത്.

പിങ്കിയുടെ വീടിന് തൊട്ടടുത്ത് അയൽവീട്ടിൽ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. പടക്കം പൊട്ടിക്കലും ഘോഷയാത്രയും കഴിഞ്ഞ ശേഷം രാത്രി 11ഓടെ ഉച്ചത്തിൽ ഡി.ജെ. മ്യൂസിക് ആരംഭിച്ചു. ഈ സമയം പിങ്കി കുഴഞ്ഞുവീഴുകയായിരുന്നെന്ന് കുടുംബം പറയുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭ്യമായതെന്ന് കുടുംബം ആരോപിക്കുന്നു. ഇതാണ് പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും ഇവർ പറയുന്നു.

സംഭവത്തെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചു. പൊലീസെത്തിയാണ് ഇവരെ ശാന്തരാക്കിയത്. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷം ചികിത്സയെന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് പിങ്കിയുടെ പിതാവായ റിക്ഷാ തൊഴിലാളി കണ്ണീരോടെ പറഞ്ഞു.

