ബെംഗളൂരു: വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെ അറസ്റ്റിൽ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൻ്റെ പേരിലെടുത്ത് കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു നിഖിൽ സൊസാല അറസ്റ്റിലായത്. ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ് നെറ്റ്‌വര്‍ക്ക്‌സുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

കേസിൽ പ്രതിചേർക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളും അറസ്റ്റിലായതായാണ് റിപ്പോർട്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവിലെന്നും സൂചനയുണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ജയറാം എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പൊലീസ് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പലരുടെയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

