മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ സിപിഎമ്മിന് നല്കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായെത്തുന്ന സ്ത്രീകളെ ഫോണിലൂടെ ശല്യം ചെയ്യുന്നതായാണ് അന്‍വര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കുപറ്റുന്നു, സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനില നിന്ന് കോടികള്‍ കമ്മീഷന് വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് പുറമേയാണ് സ്ത്രീവിഷയം ആരോപിച്ചിരിക്കുന്നതും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പറുകള്‍ വാങ്ങിവയ്ക്കുകയും കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് പ്രത്യേകം അന്വേഷിക്കുകയുമാണ് പി ശശി ചെയ്യുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്യംഗാരഭാവം സഹിക്കാനാകാതെ പലരും ഫോണ്‍ എടുക്കാത്ത സ്ഥിതിയാണെന്നും അന്‍വര്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായെത്തുന്ന സ്ത്രീകള്‍ക്കും പോലും രക്ഷയില്ലാത്ത സ്ഥിതിയെന്ന ഗുരുതരമായ ആരോപണമാണ് അന്‍വര്‍ ഭരണകക്ഷി എംഎല്‍എ ആയിരിക്കെ ഉന്നയിച്ചിരിക്കുന്നത്.