നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അനുകൂല ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ.

നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ‘അൻവർ ഇഫക്റ്റ്’ എന്ന് പറഞ്ഞുഫലിപ്പിച്ച തിരഞ്ഞെടുപ്പിൽ പക്ഷെ ആവേശപൂർവം ജനങ്ങൾ വോട്ട് ചെയ്‌തെന്നും അൻവർ പറഞ്ഞു. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവർ ആണ് ഈ കണക്കുകൾക്ക് മറുപടി പറയേണ്ടത് എന്നും പ്രതികൂല കാലാവസ്ഥയിലും പോളിംഗ് ഉയർന്നു എന്നും അൻവർ കൂട്ടിച്ചേർത്തു.

തനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടർമാരിൽ നിന്നാണ്. പുരുഷന്മാരെക്കാൾ 12,651 സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്തു. 2021 നേക്കാൾ 1,224 വോട്ട് അധികം ഉണ്ടായിയെന്നും പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ ഇനിയും എണ്ണം കൂടുമെന്നും അൻവർ അവകാശപ്പെട്ടു.

