മലപ്പുറം: നിലമ്പൂരിൽ 75000ന് മുകളിൽ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വർ. ഇത് അമിതാത്മവിശ്വാസമല്ല യാഥാർത്ഥ്യമാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ല. സിനിമ ഡയലോഗ് വെച്ചാണ് പ്രചാരണം നടത്തിയത്. അതിനാൽ വോട്ട് എണ്ണിക്കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം. പക്ഷേ താൻ പോകുന്നത് നിയമസഭയിലേക്ക് ആയിരിക്കും. ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ൽ നിന്ന് 25% വോട്ടും, യുഡിഎഫിൽ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കും’. പിവി അൻവർ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളുടെ അവഗണിക്കുകയാണ് ചെയ്തത്. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവനയക്ക് 2016 ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തതെന്ന് പിവി അൻവർ മറുപടി നൽകി.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് നേടിയതും താൻ തന്നെയാണെന്നും അതിനാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നമുക്ക് കാണാമെന്നും പിവി അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

