തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അഭിഭാഷകന്‍ സജു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ അഭിഭാഷകന്‍ സന്ദര്‍ശിച്ചിരുന്നു. അഫാന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

അഫാന്റെ ആത്മഹത്യാശ്രമത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതിലും ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ നടത്തിയ ഇടപെടലിലും വീഴ്ച വരുത്തിയിട്ടില്ല. ശുചിമുറിയില്‍ കയറി വാതിലടച്ചതില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ജീവനക്കാര്‍ ഇടപെട്ടു. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ നിലത്ത് കാലുകള്‍ മുട്ടിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്നും ജയില്‍ സൂപ്രണ്ട് വകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

