കേരളത്തിൽ ഇടതുമുന്നണി പത്തുവർഷം ഭരണം പൂർത്തിയാക്കിയത് അതിന് നേതൃത്വം നൽകിയവന്റെ കഴിവുകൊണ്ടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മൂന്നാം തവണയും അധികാരത്തിലെത്താൻ കഴിയാതെ പോയതിന്റെ കാരണം ഇടതുമുന്നണി നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയോ വി.എസ്. അച്യുതാനന്ദനെയോ കുറ്റപ്പെടുത്താൻ താനില്ലെന്നും ഇരുവർക്കും പിന്തുണക്കുന്ന നിരവധി പേരുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം. ചാനലുകാരെ കാണുമ്പോൾ പേടി തോന്നുന്നുവെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാൻ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വളച്ചൊടിച്ച് പറയാൻ അറിയില്ലാത്തതുകൊണ്ട് പറയേണ്ട കാര്യങ്ങൾ നേരെയാണ് പറയുന്നത്. തനിക്ക് പത്മഭൂഷൺ കിട്ടിയത് പോലും ചർച്ച ചെയ്ത മാധ്യമങ്ങൾ താൻ എന്ത് പറഞ്ഞാലും ജാതി പറഞ്ഞു എന്ന് പറഞ്ഞ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.