Kerala

ജോലി വേണെങ്കി മാസം 7000 രൂപാ തരണം ;ക്ളീനിംഗ് ജോലികാരികളുടെ13000 രൂപാ ശമ്പളത്തിൽ നിന്നും 7000 രൂപാ കമീഷൻ പറ്റി ഉദ്യോഗസ്ഥൻ

കാസർകോട്: നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലെ കെയർ ടേക്കർക്കെതിരെ നിർബന്ധിത പണപ്പിരിവ് ആരോപണം. കെയർ ടേക്കർ ഷാജുവിനെതിരെയാണ് രണ്ട് കരാർ ക്ലീനിംഗ് ജീവനക്കാരികൾ പരാതിയുമായി രംഗത്തെത്തിയത്. എല്ലാ മാസവും 7,000 രൂപ വീതം കെയർ ടേക്കർ വാങ്ങിയിരുന്നുവെന്നും കഴിഞ്ഞ നാല് വർഷമായി ഇത് തുടരുകയാണെന്നും തൊഴിലാളികളായ ശോഭനയും ബിന്ദുവും ആരോപിച്ചു. തങ്ങൾക്ക് ലഭിക്കുന്ന 13,000 രൂപ ശമ്പളത്തിൽ നിന്നാണ് പണം നൽകുന്നതെന്നും ഇവർ പറഞ്ഞു.

സ്റ്റേഡിയത്തിലെ മറ്റ് ആവശ്യങ്ങൾക്കെന്ന പേരിലാണ് പണം പിരിച്ചിരുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. പണം നൽകുന്ന കാര്യം പുറത്തുപറഞ്ഞാൽ ജോലി നഷ്ടപ്പെടുമെന്ന് കെയർ ടേക്കർ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. നിലവിൽ കായിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പിടിച്ചുവാങ്ങിയ പണം തിരികെ ലഭിക്കണമെന്നും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

ഏകദേശം ആറ് ലക്ഷം രൂപയോളം തങ്ങളിൽ നിന്ന് കെയർ ടേക്കർ വാങ്ങിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് കെയർ ടേക്കർ ഷാജു. പരാതി തികച്ചും വ്യാജമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റേഡിയത്തിൽ അനധികൃതമായി ഒരു യുവാവ് താമസിക്കുന്ന കാര്യം താൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ പരാതി തയ്യാറാക്കിയതെന്നും ഷാജു ആരോപിച്ചു.

അതേസമയം, പരാതിയെക്കുറിച്ച് ഇന്നാണ് അറിഞ്ഞതെന്ന് നീലേശ്വരം നഗരസഭ ചെയർമാൻ മുഹമ്മദ് റാഫി പ്രതികരിച്ചു. ഏകദേശം 18 കോടി രൂപ ചെലവഴിച്ചാണ് നീലേശ്വരത്ത് സ്റ്റേഡിയം നിർമിച്ചത്. നിർമാണ ഘട്ടത്തിൽ തന്നെ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് നഗരസഭയ്ക്ക് വിട്ടുനൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ന പ്രത്യേക സമിതി രൂപീകരിച്ചാണ് നടത്തിപ്പ് കൈമാറിയതെന്ന് ചെയർമാൻ പറഞ്ഞു. അതിനാൽ ഇത്തരം പരാതികളിൽ നേരിട്ട് ഇടപെടാനുള്ള സാഹചര്യം നഗരസഭയ്ക്കില്ലെന്നും മുഹമ്മദ് റാഫി വ്യക്തമാക്കി. പരാതിയിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top