Kerala

പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി പി സി ജോർജ്

പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി മുതിർന്ന നേതാവ് പി.സി ജോർജിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദിച്ച 4.45 കോടി രൂപ പ്രാദേശിക നേതാക്കൾ വകമാറ്റി ചെലവാക്കി എന്നാണ് ജൂലൈ 18-ന് എരുമേലിയിൽ നടന്ന ബിജെപി നേതൃക്യാമ്പിൽ അദ്ദേഹം ആരോപിച്ചത്. ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ  പുറത്തുവിട്ടിരുന്നു. മണ്ഡലത്തിന്റെ പൂർണ്ണ ചുമതലയുണ്ടായിരുന്ന ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറിയും പാറത്തോട് ഗ്രാമ പഞ്ചായത്ത് അംഗവുമായ സജി കുരിയ്ക്കാട്ടിനെതിരെയാണ് പി.സി ജോർജ് പ്രധാനമായും ആരോപണം ഉന്നയിച്ചത്.

സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം 4 കോടി 45 ലക്ഷം രൂപയുടെ വ്യാജ കണക്ക് അവതരിപ്പിച്ചുവെന്നും, കണക്കിൽ പേരുള്ള പല വ്യക്തികൾക്കും യാതൊരു തുകയും ലഭിച്ചിട്ടില്ലെന്നും ജോർജ് വ്യക്തമാക്കി.കൂടാതെ, ഒരു ബൂത്തിന് 31,000 രൂപ വീതം നൽകാൻ പാർട്ടി നിർദ്ദേശിച്ചിരുന്നെങ്കിലും ഈ തുക താഴെത്തട്ടിൽ എത്തിയില്ലെന്ന് അദ്ദേഹം തിടനാട്, കാളകെട്ടി എന്നിവിടങ്ങളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി വിമർശിച്ചു. ഒരു നിയമസഭാ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പരമാവധി ചെലവ് പരിധി 40 ലക്ഷം രൂപയാണെന്നിരിക്കെ, നാലര കോടി രൂപയോളം ഫണ്ട് ലഭിച്ചു എന്ന പി.സി ജോർജിന്റെ പരാമർശം വലിയ ചട്ടലംഘനത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

പാർട്ടി ഫണ്ട് വെട്ടിപ്പ് നടത്തി വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങിയവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച അദ്ദേഹം, പ്രവർത്തകരെ വഞ്ചിച്ചവർക്ക് അതിൻ്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. പാർട്ടിയുടെ ഒരു മുതിർന്ന നേതാവിൽ നിന്നുതന്നെയുള്ള ഈ ഗുരുതരമായ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top