Kerala

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു

 

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ മകൻ മനോജ് ഭാരതിരാജയുടെ അകാല വിയോഗത്തെത്തുടർന്ന് ഭാരതിരാജ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ചന്ദ്രലീലാവതിയാണ് ഭാര്യ, ജനനി രാജ്കുമാറാണ് മകൾ.

തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലേക്ക്, ഗ്രാമീണ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1977 ൽ കമൽ ഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം തമിഴ് സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി മാറി. തമിഴ് സിനിമയുടെ ‘ഇയക്കുനർ ഇമയം’ (സംവിധായകരുടെ ഹിമാലയം) എന്നാണ് അദ്ദേഹം ആദരവോടെ വിളിക്കപ്പെട്ടിരുന്നത്.

‘കിഴക്കേ പോകും റെയിൽ’, ‘സിഗപ്പു റോജാക്കൾ’, ‘അലൈകൾ ഓയ്വതില്ലൈ’, ‘കാതൽ ഓവിയം’, ‘മുതൽ മര്യാതൈ’ തുടങ്ങി നാൽപ്പതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മികച്ച പ്രാദേശിക ചിത്രം, സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നിവയുൾപ്പെടെ ആറു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, നാല് ഫിലിംഫെയർ അവാർഡുകളും, ആറു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2004 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവ് കൂടിയായിരുന്നു ഭാരതിരാജ. മണിരത്നം സംവിധാനം ചെയ്ത ‘ആയുധ എഴുത്ത്’, ധനുഷ് നായകനായ ‘തിരുച്ചിത്രമ്പലം’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ആമസോൺ പ്രൈമിന്റെ ‘മോഡേൺ ലവ് ചെന്നൈ’ എന്ന ആന്തോളജി പരമ്പരയിലെ ‘പറവൈ കൂട്ടിൽ വാഴും മാനുകൾ’ എന്ന ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top