തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ ഫസ്റ്റ് ഗ്രേഡ് സർവ്വേയറെ കോടതി നാല് വർഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസിൽദാർ പസിലെ മുൻ സർവ്വേയറും നിലവിൽ കാസർഗോഡ് സർവ്വേ സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥനുമായ കുര്യാത്തി സ്വദേശി ഗിരീശൻ സി. ആണ് ശിക്ഷിക്കപ്പെട്ടത്. 2022-ൽ തിരുവനന്തപുരം ചിറയൻകീഴ് സ്വദേശിയുടെ പരാതിയിൽ അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകുന്നതിനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതാണ് ഇയാൾക്കെതിരെയുള്ള കേസ്.

പരാതിക്കാരന്റെ പേരിലുള്ള രണ്ടേക്കർ വസ്തുവിൽ നിന്നും ഒരേക്കർ സ്ഥലം മരണപ്പെട്ട സഹോദരിയുടെ മകൻ അനധികൃതമായി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്തതിനെതിരെയായിരുന്നു പരാതി. ഈ വിഷയം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്ന ഗിരീശൻ, കൃത്യസമയത്ത് റിപ്പോർട്ട് നൽകാതെ പരാതിക്കാരനെ വലയ്ക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് അയക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഗിരീശനെ പരാതിക്കാരന്റെ അറിയിപ്പ് പ്രകാരം എത്തിയ വിജിലൻസ് സംഘം പണം വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.
കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ജഡി മനോജ് എ. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി നാല് വർഷം കഠിനതടവിനും 25,000 രൂപ പിഴയൊടുക്കാനും വിധി പുറപ്പെടുവിച്ചു. ശിക്ഷിക്കപ്പെട്ട പതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഉദ്യോഗസ്ഥരായ കെ.ഇ. ബൈജു, പ്രസാദ് എം. പ്രശാന്ത് കെ.എസ്. ജീജി എൻ. എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിൽ മുൻ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
സർക്കാർ ഓഫീസുകളിലെ അഴിമതി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ശ്രദ്ധയിൽ ഇത്തരം വിവരങ്ങൾ പെടുകയാണെങ്കിൽ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജി എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു. അഴിമതി സംബന്ധിച്ച പരാതികൾ ടോൾ ഫ്രീ നമ്പരായ 1064 വഴിയോ, 8592900900 എന്ന നമ്പറിലോ, അല്ലെങ്കിൽ 9447789100 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയോ അധികൃതരെ അറിയിക്കാവുന്നതാണ്.