Kerala

നിലമ്പൂർ വോട്ട് :രാവിലെ തന്നെ നീണ്ട ക്യൂ: മഴയ്ക്ക് ശമനമുണ്ട് :ഓരോ വോട്ടും ബൂത്തിലെത്തിക്കാൻ മുന്നണികൾ

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു .മഴ മാറി നിന്ന ബൂത്തുകളിൽ ജനങ്ങൾ കൂട്ടമായി എത്തിത്തുടങ്ങി .നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ‌ സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് വോട്ടു ചെയ്യുമെന്ന് നിലമ്പൂർ ആയിഷ. ആദ്യമേ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം. രാവിലെ തന്നെ നീണ്ട ക്യൂവാണ് ഓരോ ബൂത്തിനും മുന്നിലുമുള്ളത്. സ്ഥാനാർഥി  എം സ്വരാജ് ബൂത്തിലെത്തി വോട്ട് ചെയ്തു. അച്ഛനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്.

. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം മൂലമുള്ള വോട്ടു ചോർച്ച തടയാൻ അവസാന വട്ട തന്ത്രങ്ങളിൽ സജീവമാണ് മുന്നണികൾ. അടിയൊഴുക്ക് തടയാൻ പ്രാദേശിക നേതൃത്വത്തെ മുൻനിർത്തിയാണ് യു ഡി എഫ് പ്രതിരോധം തീർക്കുന്നത്. സ്വാധീനം കുറഞ്ഞ മേഖലകളിൽ പോലും വോട്ടർമാരെ ബൂത്തിലെത്തിക്കാൻ സ്‌ക്വാഡുകൾക്ക് എൽ ഡി എഫ് രൂപം കൊടുത്തിട്ടുണ്ട്.

മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ ഇവരാണ്.

1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍
8. വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top