
പത്തനംതിട്ട: “ഹലോ, ഇത് പമ്പ പോലീസാണ് വിളിക്കുന്നത്, നിലവിൽ നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്, ആയതിനാൽ പമ്പ പോലീസ് സ്റ്റേഷനിലേക്ക് വേഗം അയച്ചുതരിക…”

പമ്പ പോലീസ് സ്റ്റേഷനിലെ സൈബർ ഹെൽപ്ഡെസ്‌കിൽ നിന്ന് പല സംസ്ഥാനങ്ങളിലേക്കും പല ഭാഷയിൽ ഇത്തരം കോളുകൾ കഴിഞ്ഞ കുറെ മാസങ്ങളായി നഷ്ടമായ ഫോണുകളിലേക്ക് എത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ സീസണിൽ ശബരിമലദർശനത്തിനെത്തിയവരുടെ കൂട്ടത്തിൽ മൊബൈൽ ഫോൺ നഷ്ടമായത് 230 പേർക്കാണ്. ഇവയിൽ 102 പേർക്ക് സ്വന്തം ഫോണുകൾ തിരികെക്കിട്ടി. ഇതിന് അവർ നന്ദി പറയുന്നത് പോലീസിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിനാണ്. തൊട്ടുമുമ്പ് കഴിഞ്ഞുപോയ മണ്ഡല മകരവിളക്ക് സീസണിൽ പുതുതായി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയ പോലീസ് സൈബർ ഹെൽപ് ഡെസ്ക്കിനോടാണ്. തീർഥാടകരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാർ മുൻകയ്യെടുത്ത് രൂപവത്കരിച്ചതാണ് പോലീസ് സൈബർ ഹെൽപ്ഡെസ്ക്. ഹെല്പ്ഡെസ്കിലെ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെയാണ് നഷ്ടമായ ഇത്രയും ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരിച്ചേൽപ്പിക്കാൻ സാധിച്ചത്. പമ്പ പോലീസ് സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്കിൻ്റെ ഭാഗമായി ഇൻറർനെറ്റ് കണക്ഷനുള്ള കൗണ്ടർ സജ്ജീകരിച്ച് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സി ഇ ഐ ആർ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി.
ഫോൺ നഷ്ടമായെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ഭക്തരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച്, മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ കണ്ടെത്തുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന സെൻട്രൽ എക്യുപ്‌മെന്റ്റ് ഐഡന്റിറ്റി രജിസ്റ്റർ ( സി ഇ ഐ ആർ) പോർട്ടലിൽ രജിസ്റ്റർ ചെയ്യും. ഉടൻ തന്നെ ആ മൊബൈൽ ഫോൺ ബ്ലോക്കാവും. പരാതിക്കാരൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു സന്ദേശമെത്തും. ഇങ്ങനെ പോർട്ടൽ വഴി ബ്ലോക്ക് ചെയ്ത ഫോൺ ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് വഴി ഓൺ ആയാൽ, ആ നെറ്റ്‌വർക്ക് സർവീസ് പ്രൊവൈഡർ പോർട്ടൽ മുഖേന പരാതിക്കാരനും രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറും. ആ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന നമ്പരിലേക്ക് സൈബർ ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ ഫോൺ ചെയ്തും, നോട്ടീസുകൾ അയച്ചും കാര്യങ്ങൾ ധരിപ്പിക്കും. ഇത്തരത്തിൽ സ്റ്റേഷനിലേക്ക് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും ഈ കാലയളവിൽ അയച്ചുകിട്ടിയത് 102 ഫോണുകളായിരുന്നു. തുടർന്ന്, യഥാർത്ഥ ഉടമസ്ഥർക്ക് കൊറിയർ മുഖേന ഇവ അയച്ചുകൊടുത്തു. ഇത്തരത്തിൽ മേയ് മാസത്തിൽ മാത്രം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ആറരലക്ഷത്തോളം രൂപ വില വരുന്ന
25 ഫോണുകൾ കൂട്ടത്തിൽപ്പെടും.
പോർട്ടലിലൂടെ ട്രാക്ക് ഫോണുകൾ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തി. കൂടുതലും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക സ്ഥലങ്ങളിൽ നിന്നാണ് തിരികെ ലഭിച്ചത്. നഷ്ടപ്പെടുന്ന ഫോണുകൾ അവിടെയുള്ള മൊബൈൽ കടകളിൽ വിൽക്കുകയും, ഇവ മറ്റൊരാൾ വാങ്ങി പുതിയ സിം ഇടുമ്പോൾ പോലീസിന് അലർട്ട് സന്ദേശം ലഭിക്കും. ഏറ്റവും കൂടുതൽ ഫോണുകൾ ട്രേസ് ആയിട്ടുള്ള പ്രദേശങ്ങളായ
കമ്പം, തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും, സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
റാന്നി ഡിവൈഎസ്പി ജയരാജിന്റെ മേൽനോട്ടത്തിൽ പമ്പ പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് സൈബർ ഹെൽപ്ഡെസ്ക് പ്രവർത്തിക്കുന്നത്. പമ്പ സ്റ്റേഷനിലെ പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥർ മേയ് മാസത്തിലെ സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഫോൺ മോഷണം പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ പരാതികൾ വളരെ കുറവാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പമ്പ പോലീസ് സ്റ്റേഷനിലെ എസ് സി പി ഓമാരായ സാംസൺ പീറ്റർ, സൂരജ് ആർ കുറുപ്പ്, എസ് ദിനേഷ്, സി പി ഓമാരായ അരുൺ മധു, സുധീഷ്, എസ് അരുൺ ആർ രാജേഷ്, അനുരാഗ്, സജീഷ്, രാഹുൽ, നിവാസ്, അനു എസ് രവി എന്നിവരുടെ അടങ്ങുന്ന പ്രത്യേക സംഘമാണ് സൈബർ ഹെൽപ്പ് ഡെസ്കിൽ പ്രവർത്തിക്കുന്നത്.

