കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചു.അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ഏഴു മണിയ്ക്ക് ആണ് സംഭവം.പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ.

റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു.ഇന്നലെ വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അപകടത്തിൽ വിദ്യാർത്ഥിനി മരിക്കുന്നത്.

ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിദയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

