പാലാ :കുടക്കച്ചിറ വീട്ടിൽ ബിജി ജോജോ ജനാധിപത്യ കുട ചൂടി പാലാ നഗരസഭാ വൈസ് ചെയർപേഴ്‌സണായി വിജയിച്ചു .തികഞ്ഞ സന്തോഷത്തോടെ നഗരസഭാ ഹാളിലേക്ക് വന്ന ബിജി ജോജോ മടങ്ങുന്നത് അങ്കം ജയിച്ച മങ്കയായി.

ഇന്ന് എന്തേലും സംഭവിക്കും എന്ന് പല കേന്ദ്രങ്ങളും പ്രചരിപ്പിച്ചെങ്കിലും ഫുട്ബോൾ കളിയുടെ കമന്ററി പോലെ അതാ പന്തുമായി മെസ്സി പടക്കുതിരയെ പോലെ ഗോൾമുഖത്തേക്കു കുതിക്കുന്നു.ആഞ്ഞൊരൊറ്റയടി …നിർഭാഗ്യം അത് ബാറിൽ തട്ടി പുറത്തേക്കു പോയി .പ്രതിപക്ഷത്തിന്റെ മുഖമാണ് ഇവിടെ വികൃതമായത്.
ഇന്നലെ തന്നെ എൽ ഡി എഫ് പ്രതിപക്ഷ ഗോൾ മുഖത്തേക്ക് നിറയൊഴിച്ചിരുന്നു.സിപി ഐ യുടെ ഏക മെമ്പർ ആർ സന്ധ്യയെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ആനയും അമ്പാരിയുമില്ലാതെ തന്നെ പാലാ തെക്കേക്കരയിലെത്തിച്ചപ്പോൾ മുഖം മഞ്ഞളിച്ചതു ആനി ബിജോയിയുടേതായിരുന്നില്ല.വേറെ പലരുടെയും ആയിരുന്നു .ആനി ബിജോയിയെ സ്ഥാനാർത്ഥിയാക്കിയത് ഇഷ്ടപ്പെടാത്തവർ അവർക്കെതിരെ വാട്ട്സാപ്പിൽ കള്ള കഥകൾ പ്രചരിപ്പിച്ചു.ഇതല്ല ഇതിലപ്പുറവും ചാടി കടന്നവനാണീ കെ കെ തോമസ് എന്ന മട്ടിൽ ആനി ബിജോയി ആ പ്രചാരണങ്ങളെ തള്ളി കളഞ്ഞു .
ഇന്ന് ആനി ബിജോയിക്കെതിരെ വോട്ട് ചെയ്തു കൊണ്ട് അവരോടുള്ള പ്രതികാരം ചില കേന്ദ്രങ്ങൾ തുടങ്ങിയപ്പോൾ ആനി ബിജോയി അക്ഷോഭ്യയായി നിലകൊണ്ടു.ആരെയും കൂസാത്ത ഭാവമാണ് ആനിയുടെ സ്ഥായിയായ ഭാവം .തോൽവി അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തളർത്തുന്നില്ല.തോൽവിയെ കുറിച്ചുള്ള അവരുടെ മുഖഭാവം വായിച്ചാൽ തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ തള്ളെ ..ഇത് ചീള് കേസ് എന്നെ പറയാൻ പറ്റൂ എന്ന മട്ടിലാണവർ.
പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ പ്രതിനിധീകരിക്കുന്നത്.സഭയിലെ ശക്തമായ സാന്നിധ്യവുമാണവർ.സ്ത്രീകൾക്ക് വഴങ്ങാത്ത ഹാസ്യവും പ്രസംഗത്തിൽ ചേർക്കാനുള്ള കഴിവും അവരെ വ്യത്യസ്തയാക്കുന്നു .ഈ ഭരണകക്ഷി അധികാരത്തിലേറുമ്പോൾ 17 അംഗങ്ങളായിരുന്നു എൽ ഡി എഫിൽ ഉണ്ടായിരുന്നത്.ബിനുവും ,ഷീബയും പോയിട്ടും ഭൂരിപക്ഷമുണ്ടായിരുന്നു.എന്നാൽ രാഷ്ട്രീയ ചതുരംഗ കളിയിൽ ഇന്ന് ബിജി ജോജോ യ്ക്ക് പഴയ 17 അംഗങ്ങളുടെ പിന്തുണ ലഭിച്ചിരിക്കയാണ് .
ഇനിയുള്ളത് നാളെ കഴിഞ്ഞു നടക്കുന്ന സ്വതന്ത്രനെ മുൻ നിർത്തിയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസമാണ്.അവിശ്വാസം പാസാകണമെങ്കിൽ 14 അംഗ പിന്തുണ വേണം.ആർ സന്ധ്യ കളത്തിലിറങ്ങിയതോടെ ഭൂരിപക്ഷം 17 ആയി വർധിച്ചു.പക്ഷെ ഭരണ കക്ഷിയിലെ തന്നെ ഒരു കൗൺസിലർ ഇന്നലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ആർ സന്ധ്യ വരുന്നു എന്നറിഞ്ഞപ്പോൾ യീ സന്ധ്യയും വന്നു ചാടിയോ എന്ന് അത്ഭുതം കൂറിയിരുന്നു .സൗണ്ട് ബോക്സിനു തകരാറുള്ള ഈ കൗൺസിലർ ഇപ്പോൾ ത്രിശങ്കുവിലായി.ഏതാനും ദിവസം മുൻപ് വരെ അതാണ്ട..ഇതാണ്ട..അരുണാചലം ഞാൻ താൻടാ എന്ന പാട്ട് കട്ടകലിപ്പിൽ പാടിയിരുന്ന ഈ കൗൺസിലർ ഇപ്പോൾ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായ വന്നു എന്ന ഗാനമാണ് പാടുന്നത്.എന്നാൽ കുഴിയിൽ ചീര നടുന്ന കൗൺസിലർ പാടുന്ന പാട്ടും അർത്ഥവത്താണ് ,അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ എന്നാണ് അദ്ദേഹം കൂടെ കൂടെ മൂളിപ്പാട്ട് പാടുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

