
പാലാ:നഗരസഭയിലെ അവിശ്വാസത്തെ നേരിടാനുറച്ച് കേരളാ കോൺഗ്രസ് (എം) പാർട്ടി .ചെയർമാൻ ഷാജു തുരുത്തനടക്കം എല്ലാ കൗൺസിലർമാർക്കും വിപ്പ് നൽകും.ഇന്ന് രാവിലെയാണ് പാലാ നഗരസഭയിലെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത് .കൂടെ എട്ടോളം യു ഡി എഫ് കൗൺസിലർമാരും ഒപ്പിട്ടിട്ടുണ്ട് .

എന്നാൽ അവിശ്വാസത്തെ കരുത്തോടെ നേരിടാനുറച്ചാണ് കേരളാ കോൺഗ്രസ് പാർട്ടി കരുക്കൾ നീക്കുന്നത് .രാമപുരത്തെ ഷൈനി സന്തോഷിന്റെ കേസ് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും കേരളാ കോൺഗ്രസ് വൃത്തങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .കോൺഗ്രസിൽ നിന്നും കേരളാ കോൺഗ്രസിലെത്തിയ ഷൈനി സന്തോഷിനെ സംരക്ഷിക്കാവുന്നതിന്റെ പരമാവധി സംരക്ഷിച്ചിട്ടും നിയമം അവർക്കെതിരാവുകയും അയോഗ്യത നേരിടുകയുമായിരുന്നു .
തുരുത്തനും മറിച്ചൊന്നല്ല വരുവാനിരിക്കുന്നത്.വിപ്പ് ലംഘിക്കുന്നവർക്ക് ആറ് വർഷത്തെ അയോഗ്യതയാണ് വരുന്നത് .ഇവിടെ അവിശ്വാസം വരുമ്പോൾ അവർ കൊണ്ടുവരുന്ന അവിശ്വാസത്തെ അവർ തന്നെ എതിർക്കേണ്ട ഗതികേടിലേക്കാണ് വരുന്നതെന്നും കേരളാ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു .ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാലാ അരമനയിൽ പിന്തുണയ്ക്കായി ചെന്ന തുരുത്തന് ഒരു വൈദീകൻ കൊടുത്ത മറുപടി കേരളാ കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.തന്റെ കൈയിലിരുപ്പിന്റെ ഗുണമാണ് തനിക്ക് ലഭിക്കുന്നതെന്നാണ് വൈദീകൻ പറഞ്ഞിട്ടുള്ളത് .
കഴിഞ്ഞ കാലങ്ങളിലൊക്കെ കെ എം മാണിസാറിന്റെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പോലും അദ്ദേഹത്തിന് എതിരായ പ്രവർത്തനങ്ങളുമായി നീങ്ങിയ തുരുത്തനെ അങ്ങേയറ്റം മഹാമനസ്‌കത കൊണ്ടാണ് ചെയർമാൻ ആക്കിയതെന്നും പാർട്ടിയുടെയും മുന്നണിയുടെയും ധാരണ പ്രകാരമാണ് ഒഴിഞ്ഞു കൊടുക്കേണ്ടതെന്നും കേരളാ കോൺഗ്രസ് വൃത്തങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .

