ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെ കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങള്‍ തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ഇതിന് പുറമേ കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തന്നെ തുടരുമെന്നും ഭൂപേന്ദ്ര യാദവ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രധാന ആവശ്യങ്ങളായിരുന്നു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയെന്നതും കുരങ്ങിനെ ഷെഡ്യൂള്‍ ഒന്നില്‍ നിന്ന് രണ്ടിലേക്ക് മാറ്റുകയെന്നതും.

അതേസമയം, വന്യജീവി സംഘർഷത്തില്‍ കേരളത്തിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. കേരളം അവകാശങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമാണുള്ളതെന്നും ബാക്കി എല്ലാ സംസ്ഥാനങ്ങളും ഇത് വിനിയോഗിക്കുന്നുണ്ടെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
എപ്പോഴും സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പന്നികളെ കൊല്ലാൻ പഞ്ചായത്തുകള്‍ക്ക് അനുമതിയുണ്ടെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. നിലമ്പൂർ വഴിക്കടവ് അപകടത്തില്‍ വീഴ്‌ച സംഭവിച്ചത് സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

