എറണാകുളം: കൊച്ചിയില്‍ മാമോദീസ ചടങ്ങിനിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി. തൈക്കുടം സെന്റ് റാഫേല്‍ ചർച്ച് ഹാളില്‍ വച്ചായിരുന്നു സംഭവം.

ഗുണ്ടാത്തലവൻ തമ്മനം ഫൈസല്‍ ഉള്‍പ്പെടെ 10 പേർക്കെതിരെ മരട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ബായ് നസീറിനെതിരെയും കേസെടുത്തിട്ടുണ്ട്. മാമോദീസ ചടങ്ങ് നടക്കുന്നതിനിടെയാണ് രണ്ട് സംഘമായി ചേർന്ന് ഇവർ ആക്രമണം നടത്തിയത്. ചടങ്ങില്‍ പങ്കെടുത്തവരെയും ഗുണ്ടകള്‍ ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്.
പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയച്ചതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

