Kerala

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്

മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. മണ്ണുണ്ടി പ്രദേശത്തെ വന മേഖലയിൽ തുടരുന്ന ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ തന്നെ കാടുകയറി. ആനയുടെ ശരീരത്തിലുള്ള റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ആർആർടി – വെറ്റിനറി സംഘാംഗങ്ങൾ വനത്തിലേക്ക് കടക്കും.

സ്ഥലവും സന്ദർഭവും കൃത്യമായാൽ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുകികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കങ്ങൾ. പൊന്തക്കാടുകൾക്കിടയിൽ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു.

ആളെക്കൊല്ലി കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാൽ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ഇന്നും ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല , കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രി 65 ഓളം ഉദ്യോഗസ്ഥർ പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.

വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top