ആലപ്പുഴ: എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് അസംതൃപ്തരെന്ന് എസ്എൻഡിപി യോഗം പ്രസിഡൻ്റ് വെള്ളാപ്പള്ളി നടേശൻ.

മുന്നണിയിൽ മന്ത്രി സ്ഥാനവും ഗവർണർ സ്ഥാനങ്ങളും നൽകുന്നത് ഒരു വിഭാഗത്തിനാണെന്നും പിന്നാക്ക വിഭാഗത്തിൽ നിന്ന് ആരേയും പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. അതിൻ്റെ പരിഭവം ബിഡിജെഎസിനുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. എൻഡിഎ ഇന്നലെ വന്നവനെ തലയിൽ വയ്ക്കുമെന്നും പണ്ടേ ഉള്ളവരെ ചവിട്ടുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
നേരത്തെ ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി മുന്നണി മാറ്റം ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. എൻഡിഎ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്യാമ്പിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഒമ്പത് വർഷമായി ബിജെപിയിലും എൻഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കൾ ഉയർത്തുന്ന പരാതി. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം.

