ആലപ്പുഴ: റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വേടന്‍ വളരെ ഭംഗിയായി പാടുന്നുണ്ട്. മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിവാദങ്ങള്‍ അനാവശ്യമാണ്. വേടന്റെ വേദികളില്‍ എന്തുകൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന് പരിശോധിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയത്തിലും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും മത്സരിക്കേണ്ട എന്നും രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നുവെന്നും അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇതിനായി എന്‍ഡിഎ യോഗം അടുത്ത ദിവസം ചേരും. ബിഡിജെഎസ് മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ല. നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും എന്ന് മാത്രം. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ? അത് ആത്മവിശ്വാസത്തിന്റെ കാര്യമല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

