തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. സര്‍വകലാശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വകുപ്പിന്റെ പ്രതികരണം. അതേസമയം സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ട്. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടാറില്ലെന്നതാണ് അമര്‍ഷത്തിന് കാരണം.

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അശോകിന് സംഘപരിവാര്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.
