Kerala

എസ്ഡിപിഐ പിന്തുണ വേണ്ട; വര്‍ഗീയ സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയ സംഘടനകളെ കേരളത്തിലെ കോൺ​ഗ്രസും യുഡിഎഫും ഒരുപോലെ എതിര്‍ക്കും. അത്തരം സംഘടനകളുടെ പിന്തുണ ഞങ്ങള്‍ സ്വീകരിക്കില്ല. എസ്ഡിപിഐ യുഡിഎഫിന് നല്‍കിയിരിക്കുന്ന പിന്തുണയേയും ആ തരത്തിലാണ് കാണുന്നത്. എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് ആഗ്രഹം.

പക്ഷെ സംഘടനകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പിന്തുണയേയും കാണുന്നത്. മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ വീണ്ടും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ പതാക ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി.

ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ട. അത് എകെജി സെന്ററില്‍ നിന്നും തീരുമാനിക്കുന്നത് അല്ല ഞങ്ങളുടെ പ്രചാരണരീതി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇപ്പോള്‍ പതാക വിവാദം ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയാണ്. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇതുചെയ്യുന്നത്.

അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ വേണ്ടി ഇന്ത്യ മുന്നണിയുടെ ഭാഗമായി മാറുകയും, മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കി കൊടുക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനുമുള്ള നടപടികളുമായിട്ടാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. മാസപ്പടി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, അതിന്റെ ഭീതിയില്‍ നില്‍ക്കുന്നതിനാലാണ് ബിജെപിയെ ഭയന്ന് മുഖ്യമന്ത്രി ഓരോന്നും പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി രാഹുല്‍ഗാന്ധിക്കെതിരെയാണ് മുഖ്യമന്ത്രി പറയുന്നത്. രാഹുല്‍ഗാന്ധിയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ജനാധിപത്യചേരിയുടെ പ്രതീക്ഷയായി കാണുന്നത്. ആ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മുഖ്യമന്ത്രി നടത്തുന്ന ശ്രമം വിലപ്പോകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

എസ്ഡിപിഐ വിഷയത്തില്‍ യുഡിഎഫിലും പാര്‍ട്ടിയിലും ആലോചിചശേഷം മാത്രമേ തീരുമാനം പറയാനാകൂ എന്ന് ഈ മാസം ഒന്നിന് താന്‍ കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ഇന്നലെയാണ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയത്. കല്‍പ്പറ്റയില്‍ വെച്ചു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.

പൗരത്വ നിയമത്തിനെതിരായി മുഖ്യമന്ത്രി നടത്തുന്ന പ്രസംഗങ്ങള്‍ മുഴുവന്‍ മോദിക്കും ബിജെപിക്കും എതിരെയല്ല, മറിച്ച് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കുമെതിരെയാണ്. കോണ്‍ഗ്രസിന് ചാഞ്ചാട്ടമാണെന്നാണ് പറയുന്നത്. ഈ വിഷയത്തില്‍ ജോഡോയാത്രയ്ക്കിടെ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വരെ അയച്ചുകൊടുത്തു. എന്നിട്ടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു നുണപറയുകയാണ്. നുണ പറയുന്നവരെ വിശേഷിപ്പിക്കുന്നത് ഗീബല്‍സിനോട് ആണെങ്കില്‍, പിണറായി വിജയന്‍ കേരള ഗീബല്‍സ് ആയി മാറിയെന്ന് എംഎം ഹസന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top