കൊല്ലം: പത്തനാപുരം കറവൂരിൽ കടുവയുടെ ജഡം കണ്ടെത്തി. കെഎഫ്ഡിസിയുടെ കശുമാവ് തോട്ടത്തിലാണ് ജഡം കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ള ജഡം ജീർണിച്ച നിലയിലായിരുന്നു.

പ്രയാധിക്യത്തെ തുടർന്നാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പിന്റെ പത്തനാപുരം റെയിഞ്ച് അധികൃതർ അറിയിച്ചു.
അതേ സമയം, കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരന്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് പന്നി ആക്രമിച്ചത്. രാവിലെ 10 മണിയോടെ പശുവിന് തീറ്റയെടുക്കാൻ വേണ്ടി ആനയടിയിലെ കൃഷിയിടത്തിൽ എത്തിയതായിരുന്നു ഡാനിയേൽ. സമീപത്തു നിന്ന് പാഞ്ഞെത്തിയ കാട്ടുപന്നി വയോധികനെ ഇടിച്ചിട്ടു. കാലൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

