ഡൽഹി: വിവാദങ്ങൾക്കിടെ ശശി തരൂർ ഹൈക്കമാൻഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം.

ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ശശി തരൂർ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. ഇനി റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂർ-കോൺഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമാണ് ഹൈക്കമാൻഡ് തീരുമാനം.
തരൂരിന് ചർച്ച ചെയ്യണമെങ്കിൽ തടസ്സമില്ലെന്നും നേതാക്കൾ തീരുമാനിച്ചിരുന്നു. തരൂരിന്റെ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

