മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്.മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെൺകുട്ടികൾ. ചെന്നൈ എഗ്മോർ എക്സ്പ്രസിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കുട്ടികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇരുവരെയും പുനെയിൽ എത്തിച്ചു. കുട്ടികളെ നാട്ടിലെത്തിക്കും.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വിദ്യാര്‍ത്ഥിനികളുടെ വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.

