തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 12000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ ലോറി നല്കി അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആന്‍റ് കൺവൻഷൻ സെന്‍റർ ഗ്രൂപ്പ് . ടാങ്കർ ലോറി കുടിവെള്ള വിതരണത്തിനായിട്ടാണ് സമർപ്പിച്ചത്. ഇന്നു പന്തീരടി പൂജക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്.

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആന്‍റ് കൺവൻഷൻ സെന്‍റർ മാനേജിങ് ഡയറക്ടർ പി.ഡി സുധീശനിൽ നിന്നും വാഹനത്തിന്‍റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.

വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്യ് പായസവുമടങ്ങുന്ന ശ്രീ ഗുരുവായൂരപ്പന്‍റെ പ്രസാദങ്ങളും സമ്മാനിച്ചു.

