Kerala

ജൂലൈ 3 ന് പാലാ രൂപത എ കെ സി സി യുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ മാർതോമാ സ്മാരകത്തിങ്കൽ ‘ദുക്റാന ദ് മാർത്തോമ’ ആഘോഷ പരിപാടികൾ

പാലാ:പൗരസ്ത്യ സുറിയാനി സഭയുടെ ഏറ്റവും വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ദുക്റാന തിരുനാളിനോടനുബന്ധിച്ച് നാളെ ജൂലൈ 3 ന് പാലാ രൂപത എ കെ സി സി യുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ മാർതോമാസ്മാരകത്തിങ്കൽ ‘ദുക്റാന ദ് മാർത്തോമ’ ആഘോഷ പരിപാടികൾ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാർ സഭാ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ നിധീരി, ഡയറക്ടർ ഫാ. ജോർജ് ഞാറക്കുന്നേൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർപ്പുങ്കൽ ഫൊറോന വികാരി ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്യും.സഭാ നേതാവ് പ്രൊഫ. സി.പി. അനിയൻകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും.

രൂപതാ സെക്രട്ടറി ജോസ് വട്ടുകുളം സ്വാഗതം ആശംസിക്കും. ചേർപ്പുങ്കൽ മേഖലാ പ്രസിഡൻറ് ജോർജ് മണിയങ്ങാട്ട്, ഫൊറോന ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തും. യൂണിറ്റ് പ്രസിഡൻറ് മാർട്ടിൻ ജെ കോലടി കൃതജ്ഞത പ്രകാശിപ്പിക്കും.

തോമാശ്ലീഹാ ചേർപ്പുങ്കൽ എത്തിയെന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസ സമൂഹമാണ് ഇവിടെയുള്ളത്.സുവിശേഷ പ്രചരണാർത്ഥം ഭാരതത്തിൽ എത്തിയ തോമാശ്ലീഹാ കേരളത്തിലെ പ്രമുഖ ജൂത കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ നിന്നും കിഴക്കൻ മേഖലയിലേക്ക് വ്യാപാരത്തിന് എത്തിയ യഹൂദ വ്യാപാരി സുഹൃത്തുക്കൾക്കൊപ്പം സുവിശേഷം പ്രസംഗിക്കാൻ ഇവിടെ എത്തിയെന്നും അങ്ങനെ ജല മാർഗ്ഗേയുള്ള യാത്രാമധ്യേ മൂന്നുപീടിക കടവിലെ ആൾക്കൂട്ടം കണ്ട് അവിടെ ഇറങ്ങി സുവിശേഷം പ്രസംഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

യഹൂദ വ്യാപാരികൾക്കൊപ്പം ദിവസങ്ങളോളം ഇവിടെത്ത ങ്ങിയ ശ്ലീഹാ വിശ്രമമേളയിൽ കുട്ടികൾ രണ്ടു ഭാഗമായി തിരിഞ്ഞ് കളിക്കുന്നതും ഒരു ഭാഗത്തെ കുട്ടികൾ സ്ഥിരമായി തോറ്റ് നിരാശരായി സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് അവരുടെ അടുത്തെത്തി രണ്ട് കമ്പുകൾ കൊണ്ടുവരാൻ പറയുകയും കുട്ടികൾ കൊണ്ടുവന്ന പാലക്കമ്പുകൾ കൊണ്ട് ഒരു കുരിശു ഉണ്ടാക്കി നാട്ടി നിർത്തി ആ ഭാഗത്ത് നിന്ന് കളിക്കാൻ പറയുകയും ചെയ്യുന്നു.അങ്ങനെ ആ ഭാഗത്തുനിന്ന് കളിച്ച കുട്ടികൾ തുടർച്ചയായി വിജയിക്കുകയും കുട്ടികൾ ആശ്ചര്യത്തോടെ ഭവനങ്ങളിൽ എത്തി വിവരം പറയുകയും അത് കേട്ട് മുതിർന്നവർ വന്ന് തോമാശ്ലീഹായോട് സംസാരിക്കുകയും അദ്ദേഹത്തിൽനിന്ന് സുവിശേഷം കേട്ട് അവർ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും പ്രാർത്ഥനാ ജീവിതം ആരംഭിക്കുകയും ചെയ്തു എന്നാണ് ഇവിടുത്തെ വിശ്വാസം.

ശ്ലീഹ ഇവിടം വിട്ട് പോകുന്ന വേളയിൽ അവർക്ക് പ്രാർത്ഥിക്കാനായി ഒരു സ്ഥലത്തിൻറെ ആവശ്യകത മനസ്സിലാക്കി ഒരിടത്ത് തന്റെ പാദുകം അഥവാ ചെരിപ്പ് ഊരി നിലത്ത് കുരിശു വരച്ച് സ്ഥലം കാണിച്ചുകൊടുക്കുകയും അവിടെ വിശ്വാസികൾ കുരിശു നാട്ടി പ്രാർത്ഥന തുടങ്ങുകയും ചെയ്തിടത്ത് നിന്നാണ് ചേർപ്പുങ്കൽ ഇടവകയുടെ വിശ്വാസ പൈതൃകം ആരംഭിക്കുന്നത്.അങ്ങനെ ചെരിപ്പൂരി കുരിശ് നാട്ടിയ സ്ഥലം എന്ന നിലയിൽ ‘ചെരിപ്പിങ്കൽ’ എന്നും തുടർന്ന് ചേർപ്പുങ്കൽ എന്നും ഈ പ്രദേശം അറിയപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top