തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ (50) ഓസ്ട്രേലിയൻ പ്രതിരോധസേനയിൽ എത്തിയത് പുതുചരിത്രം രചിച്ച്. ഈ മാസം 19നാണ് സ്മൃതി ഓസ്‌ട്രേലിയൻ പട്ടാളത്തിൽ ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ആയി ചുമതലയേറ്റത്. ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ചുമതലയേൽക്കുന്നത്. ജാതി, മത ഭേദമില്ലാതെ എല്ലാ സൈനികർക്കും ആദ്ധ്യാത്മിക മാനസിക പിന്തുണ നൽകുന്നവരാണ് ചാപ്ലെയിൻ ക്യാപ്റ്റൻ.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കുക എന്നതാണ് ചാപ്ലെയിൻ ക്യാപ്റ്റന്റെ ചുമതല. സൈനികർക്ക് ആഴ്ചയിൽ രണ്ടുദിവസം ക്ളാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം. യോഗയും ധ്യാനവും പരിശീലിപ്പിച്ചും ഇന്ത്യൻ ആത്മീയമൂല്യങ്ങൾ പകർന്നും ഓസ്ട്രേലിയൻ സൈനികർക്കൊപ്പം ഇനി സ്മൃതിയും ഉണ്ടാകും. എഴുത്തുകാരനും സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബ് മുൻ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെ മകളാണ്. കുടുംബസമേതം ഓസ്ട്രേലിയയിലെ മെൽബണിലാണ്. ഒന്നരവർഷം നീണ്ട ഏഴ് ഘട്ടങ്ങൾ കടന്നാണ് സ്മൃതിയുടെ നേട്ടം.165പേരിൽ നിന്നാണ് തിരഞ്ഞെടുത്തത്. ജിമ്മിൽ പരിശീലനം നടത്തിയാണ് കായികക്ഷമത പരീക്ഷ കടന്നത്. പതിനഞ്ച് വർഷമായി തുടരുന്ന സാമൂഹികസേവനവും കുടിയേറ്റക്കാരായ വിദ്യാർത്ഥികൾക്കും വൃദ്ധർക്കും മെന്ററിംഗ് നൽകിയതും ക്യാൻസർ രോഗികൾക്ക് സാന്ത്വനമേകിയതും കണക്കിലെടുത്തു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
സുവോളജിയിൽ എം.ഫിലും ആർ.സി.സിയിൽ നിന്ന് ക്യാൻസർ ബയോളജിയിൽ പി.എച്ച്ഡിയും നേടി. 2009ൽ ഓസ്ട്രേലിയ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. സ്‌കൂൾ ഓഫ് മെഡിസിനിൽ അദ്ധ്യാപികയായി. ഇപ്പോൾ സ്റ്റെംസെൽ ചികിത്സയിൽ ഗവേഷണം നടത്തുന്നു. ക്ലിനിക്കൽ പാസ്റ്റൊറൽ എഡ്യുക്കേഷൻ കോഴ്സും ചെയ്യുന്നു.
പലരാജ്യങ്ങളിലും സൈന്യത്തിൽ ചാപ്ലെയിൻ ക്യാപ്റ്റൻ തസ്തികയുണ്ട്. ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ആദ്ധ്യാത്മിക ചുമതലയുള്ള വൈദികനെയും ചാപ്ലെയിൻ എന്നാണ് പറയുന്നത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)