കൊച്ചി: കേരളാ തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പൽ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു.

സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത് എന്നാണ് വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കൽ മൈൽ അകലെ മാത്രം തീപിടിച്ച വാൻ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ആണ് യോഗം വിളിച്ചിരിക്കുന്നത്.

അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവർക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉൾപ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതർ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേർ ചൈനക്കാരും രണ്ടു മ്യാൻമർ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്.
ഗുരുതരമായി പൊളളലേറ്റ രണ്ടു പേർക്കു 35 മുതൽ 40 ശതമാനം പൊളളലാണുള്ളതെന്ന് എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനായ ഡോ.ദിനേശ് കദം അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെയും രാത്രിയോടെ ഐഎൻഎസ് സൂറത്ത് അപകട പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.

