കൊച്ചി: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആയിരം രൂപയും ആറ് കിലോ അരിയുമാണ് സഹായമായി ലഭിക്കുക.

ഇതിനായി 10 കോടി 55 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. നാല് ജില്ലകളില്‍ നിന്നുമായി 78,498 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും.

ഇക്കഴിഞ്ഞ മെയ് 24ന് രാത്രിയായിരുന്നു ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ 3 അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കപ്പല്‍ ചെരിയുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
ഇതിന് പിന്നാലെ കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെ കണ്ടെയ്‌നറുകള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

