
കൊൽക്കത്ത: രണ്ടര കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി യാത്രക്കാരൻ കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ആർപിഎഫാണ് പിടികൂടിയത്.
യുപി സ്വദേശിയായ 50 വയസ്സുകാരൻ ഹേമന്ദ് കുമാർ പാണ്ഡേയാണ് പിടിയിലായത്. പണത്തിന്‍റെ ഉറവിടം ഹാജരാക്കാൻ യാത്രക്കാരന് കഴിഞ്ഞില്ല. പിടിച്ചെടുത്ത വിദേശ കറൻസികളില്‍ യുഎസ് ഡോളറും സൗദി റിയാലും സിംഗപ്പൂർ ഡോളറും ഉള്‍പ്പെടുന്നു.
ഉച്ചയ്ക്ക് 1.35ന് ഹൗറയില്‍ എത്തുന്ന പട്‌ന-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ആർപിഎഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ബാഗും തൂക്കി പ്ലാറ്റ്ഫോം 8-ലേക്ക് നടന്നു നീങ്ങിയ ഹേമന്ത് കുമാർ പാണ്ഡെയെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബാഗ് പരിശോധിച്ചപ്പോള്‍ 2.89 ലക്ഷം യുഎസ് ഡോളറും 52,500 സൗദി റിയാലും 600 സിംഗപ്പൂർ ഡോളറും കണ്ടെടുത്തു.

