India

റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. 35,483 വീടുകൾ ചുഴലിക്കാറ്റിൽ തകർന്നതായും 115,992 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

8,00,000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. ബംഗ്ലാദേശിലെ സത്ഖിര, കോക്‌സ് ബസാർ അടക്കം ഒമ്പത് തീരദേശ ജില്ലകളിൽ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശ് 10 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ബ്ലംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മ്യാൻമാറിൽ നിന്നും പലായനം ചെയ്ത് ബംഗ്ലാദേശിലെ കോക്‌സ് ബസാറിൽ അഭയം തേടിയിരിക്കുന്ന റോഹിങ്ക്യൻ സമൂഹത്തിൽ നിന്നുള്ള ആളുകളും അപകട ഭീഷണിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ അഭയകേന്ദ്രങ്ങൾ ടാർപോളിൻ അല്ലെങ്കിൽ മുള പോലെയുള്ള ഉറപ്പില്ലാത്ത നിർമ്മിതിയാണെന്നതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

റെമാൽ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ ആറ് പേരും മരിച്ചിരുന്നു. സെൻട്രൽ കൊൽക്കത്തയിലെ ബിബിർ ബഗാനിൽ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണാണ് ഒരാൾ മരിച്ചത്. സുന്ദർബൻസ് തുരുത്തിനോട് ചേർന്നുള്ള നംഖാനയ്ക്കടുത്തുള്ള മൗസുനി ദ്വീപിൽ കുടിലിന് മുകളിൽ മരം വീണ് ഒരു വൃദ്ധ മരിച്ചു. സൗത്ത് 24 പർഗാനാസിലെ മഹേഷ്‌തല സ്വദേശിയും നോർത്ത് 24 പർഗാനാസിലെ പാനിഹാട്ടിയിൽ നിന്നുള്ള മറ്റൊരാൾക്കും ജീവൻ നഷ്ടപ്പെട്ടു. പുർബ ബർധമാൻ ജില്ലയിലെ മെമാരിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചതായും അധികൃതർ അറിയിച്ചു.

ബംഗാളിൽ ചുഴലിക്കാറ്റിൽ 1,700-ലധികം വൈദ്യുത തൂണുകൾ തകരുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായാണ് സംസ്ഥാന സർക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ മാത്രം 350ലധികം മരങ്ങൾ കടപുഴകി വീണു. 2500 വീടുകൾ പൂർണമായും 27000 വീടുകൾ ഭാഗികമായും തകർന്നു. ദുരിതബാധിത ജില്ലകളിലായി 1400-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയതായാണ് കണക്ക്. കൊൽക്കത്തയുടെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നിർത്തിവെച്ചിരുന്നു സീൽദയിൽ നിന്നുള്ള സബർബൻ ട്രെയിൻ സർവീസുകൾ ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചു. റെമാൽ ചുഴലിക്കാറ്റിനെത്തുടർന്ന് 21 മണിക്കൂർ നേരത്തേയ്ക്ക് നിർത്തിവച്ചിരുന്ന കൊൽക്കത്ത വിമാനത്താവളത്തിലെ വിമാന സർവീസുകൾ തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നാണ് എയർപോർട്ട് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top