Kerala

ഗാർഹിക പീഡനക്കേസിൽ ആളുമാറി അറസ്റ്റ്; നാല് ദിവസം ജയിലിൽ, ഒടുവില്‍ മോചനം

തിരൂർ : ഗാർഹിക പീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് പ്ര‍തിയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വിട്ടയച്ചു. പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത വെളിയങ്കോട് ആലുങ്ങൽ സ്വദേശി അബൂബക്കറി(42)നെയാണ് നാലു ദിവസത്തെ ജയിൽവാസത്തിനു ശേഷം തിരൂർ കുടുംബ കോടതി പ്ര‍തിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചത്. ഗാർഹിക പീഡനക്കേസിൽ വെളിയങ്കോട് സ്വദേശിയായ മറ്റൊരു അബൂബക്കറിനെതിരെ അയാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊന്നാനി പൊലീസ് വീട്ടിലെത്തി ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി റിമാൻഡ് ചെയ്ത ഇയാളെ തവനൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അബൂബക്കറിന് വേണ്ടി ജാമ്യം എടുക്കുന്നതിനായി ബന്ധുക്കൾ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് തെറ്റുപറ്റിയ കാര്യം അറിയുന്നത്. അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാൾ പൊലീസ് എത്തിയപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയിൽ അവർ അബൂബക്കറിനെതിരെ ഇങ്ങനെ ഒരു പരാതി നൽകിയിരുന്നില്ലെന്ന വിവരം ലഭിക്കുന്നത്.

കുടുംബം അഭിഭാഷകനെ സമീപിച്ചപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് എതിരെയല്ല മറ്റൊരു അബൂബക്കറിന് എതിരെയാണ് കുടുംബ കോടതിയിൽ ഹർജി നൽകിയിരിക്കുന്നതെന്ന് കണ്ടെത്തിയത്.കുടുംബ കോടതി ഗാർഹിക പീഡനക്കേസിൽ ജീവനാംശം നൽകാത്തതിന് പൊലീസിന് നൽകിയ സമൻസിലെ പ്ര‍തി പൊന്നാനി വെളിയങ്കോട് വടക്കേപുറത്ത് ആലുങ്ങൽ അബൂബക്കർ(52) ആണെന്ന് തിരിച്ചറിഞ്ഞു. ജയിലില്‍ കഴിഞ്ഞ അബൂബക്കറിനെ കോടതി വിട്ടയക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top