Kerala

ഹാരിസ് ബീരാന്‍ രാജ്യസഭയിലേക്കോ; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കടുത്ത എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും അഡ്വ.ഹാരിസ് ബീരാന്‍ തന്നെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പേര് നിര്‍ദ്ദേശിച്ചത്. അതുകൊണ്ട് പരസ്യ എതിര്‍പ്പിന് സാധ്യതയില്ല. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ഹാരിസ് ബീരാന്റെ കാര്യത്തില്‍ തീരുമാനം വരും.

പി.എം.എ.സലാമിനോ യൂത്ത് ലീഗിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ സീറ്റാണ് ഹാരിസ് ബിരാന് നൽകാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയര്‍ന്നത്. പി.കെ .കുഞ്ഞാലിക്കുട്ടിയും സലാമുമടക്കമുള്ളവ‍ർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും തീരുമാനത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നാണ് സൂചന. മറ്റു നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. തങ്ങളുടെ തീരുമാനത്തെ ഭൂരിപക്ഷവും പിന്തുണയ്ക്കുകയാണ് ലീഗിലെ പതിവ്. ഇത് മാറാന്‍ സാധ്യതയില്ല.

ഡൽഹിയിലെ ലീഗിന്റെ മുഖമാണ് ബീരാന്‍. കെഎംസിസി ഡല്‍ഹി ഘടകം അധ്യക്ഷൻ എന്ന ചുമതലയും വഹിക്കുന്നുണ്ട്. സിഎഎ ഉൾപ്പെടെയുള്ള വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. ബീരാന് സീറ്റ് നൽകുന്നതിലൂടെ പാർട്ടിക്ക് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുമാകുമെന്നാണ് കണക്കുകൂട്ടൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top