തിരുവനന്തപുരം: പി വി അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത മങ്ങുന്നു. അന്‍വറിനോടുള്ള നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെ നിലപാടിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്‌തേക്കും. അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് യുഡിഎഫിലെ ഘടകകക്ഷികളുടെയും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ച മതിയെന്നാണ് ഘടകകക്ഷികള്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പ് പറഞ്ഞതെല്ലാം തിരുത്തി നിരുപാധികം കീഴടങ്ങി അന്‍വര്‍ വന്നാല്‍ മാത്രമേ, യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് മുന്നണിയ്ക്കകത്തെ പൊതുവികാരം.

