വത്തിക്കാൻ സിറ്റി. ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ട്. പരിശോധനകൾ തുടരുകയാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെയാണു രക്തം നൽകിയത്.

കഴിഞ്ഞ ദിവസം നില അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമായി. തുടർച്ചയായി ശ്വാസംമുട്ടലുമുണ്ടായി. വിളർച്ചയും സ്ഥിരീകരിച്ചു. 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14നാണു റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതാദ്യമായി മാർപാപ്പയ്ക്കു തുടർച്ചയായി രണ്ടു ഞായറാഴ്ച പൊതുപ്രാർഥനയ്ക്കു നേതൃത്വം നൽകാനായില്ല. മാർപാപ്പയുടെ ആരോഗ്യത്തിനായി ആശുപത്രിക്കു മുന്നിലും പള്ളികളിലും പ്രത്യേക പ്രാർഥനകൾ നടന്നു.

